Kerala
ചെന്നൈ: സര്ക്കാര് രൂപീകരണ ചര്ച്ചകള് നടക്കുന്നതിനിടെ തമിഴ്നാട്ടിലും റിസോര്ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്എമാരെ പുതുച്ചേരിയിലെ റിസോര്ട്ടിലേക്ക് മാറ്റി. ദി ഷോർ ട്രിഷം എന്ന റിസോർട്ടിൽ 20 മുറികളാണ് എംഎൽഎമാർക്കായി ബുക്ക് ചെയ്തിട്ടുള്ളത്.
പാർട്ടിയിലെ ഒരുവിഭാഗം ടിവികെയിലേക്ക് പോയേക്കുമെന്ന വാർത്തകൾ വന്നതിന് പിന്നാലെയാണ് എംഎൽഎമാരെ ഒരുമിച്ച് നിർത്താനുള്ള നീക്കം. പല എംഎൽഎമാരും ഇതിനോടകം പുതുച്ചേരിയിൽ എത്തിയെന്നും ബാക്കിയുള്ളവർ എത്രയും പെട്ടെന്ന് എത്തുമെന്നും മുതിർന്ന അണ്ണാഡിഎംകെ നേതാവ് സി.വി.ഷൺമുഖം പറഞ്ഞു.
വിജയ്യെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് 15 എംഎൽഎമാർ പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയെ കണ്ടിരുന്നു. സിപിഐ സംസ്ഥാന നേതൃത്വത്തിനു ടിവികെയോട് അനുകൂല നിലപാടാണെങ്കിലും തിരക്കിട്ട തീരുമാനം വേണ്ടെന്നാണ് കേന്ദ്രനിലപാട്.
അതിനിടെ ടിവികെ അധികാരത്തിൽ വരുന്നത് തടയാൻ ഡിഎംകെയും എഐഎഡിഎംകെയും കൈകോർത്തേക്കുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഇതുസംബന്ധിച്ച് ചർച്ച നടന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത്തരമൊരു സഖ്യ രൂപവ്തകരണത്തെക്കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നുമില്ല.
National
ന്യൂഡൽഹി: പശ്ചിമ ബംഗാളിലും ആസാമിലും സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങളാരംഭിച്ച് ബിജെപി. ബംഗാളിലേക്ക് കേന്ദ്രമന്ത്രി അമിത് ഷായെയും ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജിയെയും ആസാമിലേക്ക് കേന്ദ്രമന്ത്രി ജെ.പി.നദ്ദയെയും ഹരിയാന മുഖ്യമന്ത്രി നായബ് സിംഗ് സൈനിയെയും നിരീക്ഷകരായി നിയമിച്ചു.
ഭവാനിപുരിൽ മമതാ ബാനർജിയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരി മുഖ്യമന്ത്രിയാകുമെന്നാണ് റിപ്പോർട്ട്. മുതിർന്ന നേതാക്കളായ ദിലീപ് ഘോഷ്, സമിക് ഭട്ടാചാര്യ, രൂപ ഗാംഗുലി, അഗ്നിമിത്ര പോൾ, സ്വപൻ ദാസ്ഗുപ്ത എന്നിവരുടെ പേരും പാർട്ടിയുടെ പരിഗണനയിലുണ്ട്.
ബംഗാളിൽ ഒന്നരപ്പതിറ്റാണ്ട് നീണ്ട മമത ബാനർജിയുടെ ഭരണത്തിന് അന്ത്യംകുറിച്ചാണ് ബിജെപി 206 സീറ്റുകൾ നേടി അധികാരത്തിലെത്തിയത്. ആസാമിൽ ബിജെപി സഖ്യം 102 സീറ്റുകൾ പിടിച്ചാണ് ഹാട്രിക് വിജയം നേടിയത്. മത്സരിച്ച 90 സീറ്റുകളിൽ 82 ഇടത്തും ബിജെപിക്ക് വിജയിക്കാനായി.
സഖ്യകക്ഷികളായ ബോഡോ ലാൻഡ് പീപ്പിൾസ് ഫ്രണ്ടും ആസാം ഗണ പരീഷത്തും 10 വീതം സീറ്റുകൾ പിടിച്ചു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഭരണത്തിലിരിക്കുന്ന മുന്നണി 100ലധികം സീറ്റുകൾ നേടുന്നത്. നിലവിലെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ തുടരുമെന്നാണ് റിപ്പോർട്ടുകൾ.
Kerala
തിരുവനന്തപുരം: കേരളത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി എഐസിസി നേതാക്കൾ ഇന്ന് കൂടിയാലോചനകൾ നടത്തും. വിഷയത്തിൽ ഓരോ എംഎൽഎയുടെയും എംപിമാരുടേയും അടക്കം പ്രധാന ജനപ്രതിനിധികളുടെ നിലപാട് തേടുന്നതിനായി പ്രത്യേക നിരീക്ഷകരെ ഇന്ന് നിയോഗിച്ചേക്കുമെന്നാണ് വിവരം. ഒരാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനാണ് പാർട്ടി ശ്രമിക്കുന്നത്.
എല്ലാ റിപ്പോർട്ടുകളും വിലയിരുത്തിയ ശേഷം രാഹുൽ ഗാന്ധിയാകും അന്തിമ തീരുമാനം പ്രഖ്യാപിക്കുക. നിലവിൽ ആരുടെയും പേര് പാർട്ടി തള്ളിക്കളയുന്നില്ല. പുതിയ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ കോൺഗ്രസ് ഹൈക്കമാൻഡ് വേഗത്തിലാക്കി.
അതേസയമം മുഖ്യമന്ത്രി പദത്തിനായി പാർട്ടിയിലെ പ്രമുഖ നേതാക്കൾക്കിടയിൽ നീക്കങ്ങൾ ശക്തമായിട്ടുണ്ട്. ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണ തങ്ങൾക്കുണ്ടെന്നാണ് കെ.സി പക്ഷം അവകാശപ്പെടുന്നത്. കൂടുതൽ എംപിമാരും മുതിർന്ന നേതാക്കളും ഒപ്പമുണ്ടാകുമെന്നും ഇവർ പ്രതീക്ഷിക്കുന്നു. എംഎൽഎമാരുടെ എണ്ണം മാത്രമല്ല പരിഗണിക്കേണ്ടതെന്നാണ് വി.ഡി. സതീശൻ വിഭാഗത്തിന്റെ നിലപാട്.
ഘടകകക്ഷികളെ കൂടെനിർത്തിക്കൊണ്ടുള്ള നീക്കങ്ങൾക്കാണ് സതീശൻ പ്രാധാന്യം നൽകുന്നത്. പദവി ലഭിച്ചില്ലെങ്കിൽ അദ്ദേഹം കടുത്ത നിലപാടുകളിലേക്ക് നീങ്ങിയേക്കുമെന്ന സൂചനയുണ്ട്. ഇതിനെല്ലാം പുറമെ സീനിയോറിറ്റിക്കാണ് മുഖ്യമന്ത്രി പദത്തിൽ മുൻഗണന നൽകേണ്ടതെന്ന് ചെന്നിത്തല വിഭാഗവും വാദിക്കുന്നു.
കോൺഗ്രസിന് ഒറ്റയ്ക്ക് 63 സീറ്റുകൾ ഉള്ളതിനാൽ ഘടകകക്ഷികളുടെ നിലപാടിന് വഴങ്ങണമെന്ന സമ്മർദം പാർട്ടിക്കില്ല. എങ്കിലും സമവായത്തിലൂടെ ധാരണയിലെത്തണമെന്ന ആഗ്രഹം നേതാക്കൾ അറിയിച്ചിട്ടുണ്ട്. ഉപമുഖ്യമന്ത്രി പദം നിലവിൽ ചർച്ചകളിൽ ഇല്ലെന്നുമാണ് പാര്ട്ടി വൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന സൂചന.